Tuesday, November 11, 2014

എന്റെ അമ്മച്ചി ഉണ്ടാക്കിയ "കുഴലപ്പം"






എന്റെ അമ്മച്ചി ഉണ്ടാക്കിയ "കുഴലപ്പം"

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്..... അന്ന് കോതമംഗലം മാര്‍ അത്തനാസിയോസ് കോളേജില്‍ ഊര്‍ജ്ജതന്ത്രം ഐശ്ചിക൦ ആയി എടുത്തു ബിരുദ പഠനത്തിലെ അവസാന വര്‍ഷ പരീക്ഷയും എഴുതി ഞാന്‍ വീട്ടില്‍ വിശ്രമം. താമസം ഇടുക്കി ജില്ലയില്‍ വെള്ളത്തൂവലില്‍ കെ എസ ഈ ബി ക്വാര്‍ട്ടറില്‍. അപ്പന്‍
കെ എസ ഈ ബിയില്‍ ഫോര്‍മാന്‍; കേരളത്തിലെ ആദ്യത്തെ
ജലവൈദ്യുതി നിലയമായ ചെങ്കുളം പവര്‍ ഹൌസ് നിര്‍മ്മാണ സൈറ്റില്‍.  ഒരിക്കല്‍  വീട്ടില്‍ വെച്ച്, യാദൃശ്ചികമായി അമ്മയ്ക്ക് വൈദ്യുതി ഷോക്ക് ഏറ്റു  . ഞാന്‍ മെയിന്‍ സ്വിച് പെട്ടെന്ന് ഓഫ്‌ ആക്കിയതിനാല്‍ മരണത്തില്‍ നിന്നും അമ്മച്ചി അന്ന് രക്ഷപെട്ടു. പക്ഷെ കുറെ ദിവസ്സങ്ങള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

അന്നാണ് ഞാന്‍ ആദ്യമായി അടുക്കളയില്‍ രംഗ പ്രവേശം ചെയ്യുന്നത്. അപ്പച്ചന്‍ രാവിലെ ഓഫീസ്സില്‍ പോകും , സഹോദരങ്ങള്‍ സ്കൂളിലും , അമ്മയാണെങ്കില്‍ സുഖമില്ലാതെ കട്ടിലിലും. അടുക്കളയില്‍ അമ്മച്ചി പാചകം ചെയ്യുമ്പോള്‍, സമയം കിട്ടുമ്പോള്‍, ഞാന്‍ അത് നോക്കി നിന്ന് കറികളും പലഹാരങ്ങളും മറ്റും ഉണ്ടാക്കുന്നത്‌ കുറച്ചൊക്കെ മനസ്സിലാക്കിയിരുന്നു. ആയിടയ്ക്ക് ചോറും കറികളും എല്ലാം ഞാന്‍ തന്നെ ഉണ്ടാക്കുമായിരുന്നു. രുചിക്കൂട്ടുകളും, വേണ്ട നിര്‍ദേശങ്ങളും അമ്മച്ചിയുടെ വക. അതായിരുന്നു എന്റെ ആദ്യത്തെ പാചക അനുഭവം,

വീണ്ടും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു , ഞങ്ങള്‍ ഹൈറേഞ്ചില്‍ നിന്നും , കടമ്പനാട്, എന്റെ നാട്ടിലേക്കു തിരിച്ചു വന്നു. ഞാന്‍ പിന്നീട് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനായി., വിവാഹം കഴിച്ചു. രണ്ടു പെണ്‍ മക്കളുടെ വിവാഹവും കഴിഞ്ഞു. എന്റെ ഭാര്യ മോളിക്കുട്ടിയുടെ അധീനതയില്‍ ആണ് ഇന്ന് എന്റെ വീട്ടിലെ അടുക്കള. പണ്ടൊക്കെ എന്റെ അമ്മച്ചി ഉണ്ടാക്കി തന്നിരുന്ന ആഹാരങ്ങളുടെ രുചിയുടെ കാര്യം ഭാര്യയോടു സൂചിപ്പിച്ചാല്‍ അവള്‍ക്ക് അത്ര രുചിക്കാറില്ല . പഷേ അമ്മച്ചിയുടെ കൈപുണ്യം ചോറിലും കറികളിലും പലഹാരങ്ങളിലും എല്ലാം എനിക്ക് അനുഭവഭേദ്യം ആയിരുന്നു എന്നത് ഒരു സത്യം ആണ്. എന്റെ ഭാര്യയും(മോളിക്കുട്ടി) തരക്കേടില്ലാതെ പാചകം ചെയ്യും എന്ന് കൂടി ഞാന്‍ സൂചിപ്പിച്ചു കൊള്ളട്ടെ.

പാചകത്തിലെ കൈപ്പുണ്യത്തെക്കുറിച്ച് പറയുമ്പോള്‍ എന്റെ ചിന്തയില്‍ ആദ്യം കടന്നു വരുന്നത് വര്‍ഷങ്ങള്‍ക്ക് മുന്പ് ഡിസംബര്‍ മാസ്സത്തില്‍ ക്രിസ്മസ്സ് അടുക്കുമ്പോള്‍ അമ്മച്ചി   ഉണ്ടാക്കിവെയ്ക്കുന്ന കുറെ പലഹാരങ്ങളുടെ കാര്യം ആണ്. പ്രധാനമായി, അച്ചപ്പം, കുഴലപ്പം, ഡയമണ്ട് മുതലായവ. ഈ പലഹാരത്തിന്റെ നിര്‍മ്മാണത്തില്‍ അമ്മച്ചിയെ എന്റെ അപ്പച്ചനും(കുഞ്ഞുകുഞ്ഞ്‌) കാര്യമായി സഹായിക്കാറുണ്ടായിരുന്നു. ഇന്ന് എന്റെ അപ്പച്ചന്‍ ജീവിച്ചിരുപ്പില്ല , ഏഴു വര്ഷം മുന്‍പ് ഞങ്ങളെ വിട്ടു പോയി.

അമ്മച്ചി അന്ന് ഉണ്ടാക്കുമായിരുന്ന "കുഴലപ്പത്തിന്റെ " കാര്യം ഞാന്‍ ഇവിടെ സൂചിപ്പിക്കട്ടെ. കുഴലപ്പ൦ ഉണ്ടാക്കുന്ന രീതികള്‍ക്കും ചേരുവകള്‍ക്ക്  അന്നും ഇന്നും കാര്യമായി വിത്യാസം ഇല്ലല്ലോ.

ചേരുവകൾ

അരിപ്പൊടി, തേങ്ങ, ഉള്ളി, വെളുത്തുള്ളി, ജീരകം, ഏലക്ക
എള്ള്, ഉപ്പ്, എണ്ണ ആവശ്യത്തിന്

പാചകരീതി:
തേങ്ങാപ്പീര, ഉള്ളി, വെളുത്തുള്ളി, ഏലക്ക, എന്നിവ അരച്ച് മിശ്രിതം തയാറാക്കുന്നു. ഈ മിശ്രിതം വറുത്ത അരിപ്പൊടിയുമായി പാകത്തിന് ഉപ്പും ചേർത്ത് കുഴച്ചെടുക്കുന്നു. ഈ മാവിൽ മേമ്പൊടിയായി ജീരകവും എള്ളും ചേർക്കും. മാവ് ചെറിയ ഭാഗങ്ങളാക്കി ചപ്പാത്തിപോലെ പരത്തി എടുക്കുന്നു. (മാവിന്റെ മിശ്രിതം കുഴച്ചെടുക്കുന്നതിനും മാവ് ചെറിയ ഉരുളകളാക്കി ചപ്പാത്തി പരത്തുന്നത് പോലെ പരത്തി എടുക്കുന്നതിലും മറ്റും ആയിരുന്നു എന്റെ അമ്മച്ചിയ്ക്ക് അപ്പച്ചന്റെ സഹായം ഉണ്ടായിരുന്നത് )
ശേഷം ഇതിന്റെ രണ്ടറ്റവും യോജിപ്പിച്ച് കുഴൽ രൂപത്തിലാക്കും. (അമ്മച്ചി പപ്പായയുടെ ഇലതണ്ട് ഉപയോഗിച്ചാണ്‌ അന്ന് പരത്തിയ മാവ് കുഴല്‍ രൂപത്തില്‍ അക്കിയിരുന്നത് എന്ന് ഞാന്‍ ഓര്‍ക്കുന്നു.)
കുഴല്‍ രൂപത്തില്‍  ആക്കിയ മാവ് തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍ വറുത്തെടുത്തെടുത്താണ് അന്ന് കുഴലപ്പം തയ്യാറാക്കിയിരുന്നത്.

പ്രത്യേകം അടുപ്പ് കൂട്ടി, തെങ്ങിന്റെ ചൂട്ടും കൊതുമ്പും ഉപയോഗിച്ചു തീ കത്തിച്ചു നമ്മുടെ സ്വന്തം തെങ്ങിലെ തേങ്ങ വെട്ടി കൊപ്രയാക്കി അടുത്തുള്ള മില്ലില്‍ കൊടുത്ത് ആട്ടി എടുക്കുന്ന നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍  ഓട്ടുരുളിയില്‍  ആയിരുന്നു അന്നൊക്കെ കുഴലപ്പം വറുത്തെടുത്തിരുന്നത്. കുഴലപ്പത്തിന്റെ രുചി കൂടാന്‍ ഒരു പക്ഷെ ഇതും കാരണം ആയിരുന്നെക്കം 

അന്നൊക്കെ അമ്മച്ചി ഉണ്ടാക്കിയിരുന്ന കുഴലപ്പത്തിന്റെ രുചി പിന്നീട് ഒരിക്കലും അനുഭവിക്കാന്‍ സാധിച്ചിട്ടില്ല എന്നത് ഇന്നും  ഒരു സ്വകാര്യദുഖമായി അവശേഷിക്കുന്നു.

ഇന്ന് എന്റെ അമ്മച്ചിയ്ക്ക്(സൂസമ്മ ) വയസ്സ് 84 , വാര്‍ധക്യ സഹജമായ കുറെ അസുഖങ്ങള്‍ ഉണ്ടെങ്കിലും കുടുംബ വീട്ടിലെ (അമ്മച്ചി തൊട്ടടുത്തുള്ള കുടുംബ വീട്ടില്‍ എന്റെ ഇളയ സഹോദരനോടൊപ്പം ആണ് ഇപ്പോള്‍ താമസം ) പാചകത്തിന് ഇപ്പോഴും മേല്‍നോട്ടം വഹിക്കാറുണ്ട്. വല്ലപ്പോഴും സ്വന്തമായി  ഉണ്ടാക്കുന്ന നേന്ത്രക്കായ ഉപ്പേരിയും ചില്ലറ പലഹാരങ്ങളും എനിക്ക് കൊണ്ട് തരികയും ചെയ്യാറുണ്ട്. കുഴലപ്പം ഉണ്ടാക്കാന്‍ ഇപ്പോഴും വല്യ ആഗ്രഹം ഉണ്ടെങ്കിലും മാവ് കുഴ്ക്കാനും പരത്താനും മറ്റും ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് ആഗ്രഹം മനസ്സില്‍ തന്നെ സൂക്ഷിക്കുന്നു. മുഖ പുസ്തകത്തിലെ "നമ്മുടെ അടുക്കളകളെക്കുറിച്ച് "അറിയില്ലെങ്കിലും അമ്മച്ചിയുടെ "സ്വന്തം അടുക്കളയെ"പ്പറ്റി ഇന്നും നല്ല ജ്ഞാനം ഉണ്ട് എന്റെ അമ്മച്ചിക്ക്.




No comments:

Post a Comment